വസ്ത്ര വ്യാപാര രംഗത്തെ ഇളമുറതമ്പുരാൻ...ഫിറോസ് തൊഴക്കാട്ടിൽ

Milestone - Oct 28, 2020

ഈ ദുനിയാവില് എന്നും നിലനിൽക്കുന്നതാണ് സത്യം, ന്യായം, ധർമ്മം. അതുപോലെ തന്നെ എത്ര മോശം സാഹചര്യത്തിലൂടെ നമ്മുടെ രാജ്യം കടന്നു പോയാലും, എന്നും അധംപതിക്കാതെ നിൽക്കുന്ന ചില ബിസിനസ്സ് മേഖലകളാണ് ഭക്ഷണം, വസ്ത്രം, മരുന്ന്. ഏതൊരു മനുഷ്യന്റെയും നിലനിൽപ്പിന് ഇവ മൂന്നും അത്യന്താപേക്ഷിതമാണ്. വസ്ത്രമില്ലാതെ എങ്ങനെ ഒരു സമൂഹം മുന്നോട്ടു പോകും? ഈ വസ്ത്ര വ്യാപാര വ്യവസായത്തിന് ഒരു പ്രശ്നമുണ്ട്. കണ്ണടച്ച് തുറക്കുമ്പോളേക്കും തകർന്നു വീഴുന്ന ചീട്ടുകൊട്ടാരം പോലെയാണ് വസ്ത്ര വ്യവസായ രംഗത്തെ ട്രെൻഡുകൾ. ഈ മേഖലയിലെ വെല്ലുവിളികളും, റിസ്കും, മുതൽമുടക്കും, ജയ-പരാജയ സാധ്യതകളും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അപ്പോൾ ഈ മേഖലയിലെ ഇളമുറതമ്പുരാൻ ആകണമെങ്കിൽ സകല അടിതടവും പഠിച്ച, വിപണിയിലെ ബിസിനസ്സ് തന്ത്രങ്ങളും കുതന്ത്രങ്ങളും മെനെഞ്ഞെടുക്കുന്ന, ഉപഭോക്താക്കളുടെ അഭിരുചികൾ അറിയുന്ന, എണ്ണം പറഞ്ഞ ഒരുവൻ ആവണ്ടേ? അതാണ് വളാഞ്ചേരിക്കാരനായ ഫിറോസ് ലീഫോർട്ട്.

“എന്നും അധംപതിക്കാതെ നിൽക്കുന്ന ചില ബിസിനസ്സ് മേഖലകളാണ് ഭക്ഷണം, വസ്ത്രം, മരുന്ന്. ഏതൊരു മനുഷ്യന്റെയും നിലനിൽപ്പിന് ഇവ മൂന്നും അത്യന്താപേക്ഷിതമാണ്. വസ്ത്രമില്ലാതെ എങ്ങനെ ഒരു സമൂഹം മുന്നോട്ടു പോകും?”

ചെറുപ്രായത്തിലേ സ്വന്തമായൊരു വസ്ത്രവ്യാപാര സാമ്രാജ്യം കെട്ടിപ്പൊക്കിയ മലപ്പുറത്തുകാരൻ...

മലപ്പുറം ജില്ലയിൽ, വാളാഞ്ചേരിയിലെ പ്രസിദ്ധമായ കൊട്ടാരത്ത് തൊഴക്കാട്ടിൽ അലവി ഹാജിയുടെയും കദീജയുടെയും മകനായി 1982 മെയ് 31ന് ജനിച്ച ഫിറോസ് വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിലും, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും തന്റെ പഠനം പൂർത്തിയാക്കി. കോളേജ് പഠന കാലം മുതലേ ബിസിനസ്സിനോട് അതിയായ താല്പര്യം ഉണ്ടായിരുന്നതിനാൽ, പഠനം കഴിഞ്ഞയുടനെ ജോലി തേടി കുവൈറ്റിലേക്ക് പറന്നു. അധികം വൈകാതെ അൽ-മുസ്‌ഐനി എക്സ്ചേഞ്ച് കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി കിട്ടി. 2007ൽ നാട്ടിലേക്കു വന്ന ഫിറോസ് തന്റെ ജീവിത പങ്കാളിയെ കണ്ടെത്തി. വൈലത്തൂരിലുള്ള അഹമ്മദ് കുന്നശ്ശേരിയുടെ മകൾ മുസ്‌ഫീറ. വിവാഹ ശേഷം കുവൈറ്റിലേക്ക് തന്റെ പ്രിയതമയേയും കൂട്ടി തിരിച്ചെത്തിയ ഫിറോസിന് അള്ളാഹു നാല് മക്കളെ അനുഗ്രഹിച്ചു നൽകി. അയാഷ്‌ മുഹമ്മദ്, അയാൻ മുഹമ്മദ്, അയ്‌ബക് മുഹമ്മദ്, അയ്ഷബത്തൂൾ. ഇവരെ പരിപാലിക്കുന്നതിനൊപ്പം ഭർത്താവിന്റെ ബിസിനസ്സ് കാര്യങ്ങളിൽ വേണ്ടുന്ന ശ്രദ്ധയും, പിന്തുണയും നൽകി എന്നും ഫിറോസിന് കൂട്ടായി മുസ്‌ഫീറ.

ഗൾഫിലേക്കുള്ള രണ്ടാം വരവ് – ‘ലീഫോർട്ട്’ ബ്രാൻഡിന്റെ പിറവി:

2007ൽ കുവൈറ്റിൽ മടങ്ങിയെത്തിയ ഫിറോസ് ഇസ്ലാമിക് ബാങ്കിങ് രംഗത്തെ പ്രമുഖരായ 'കുവൈറ്റ് ഫിനാൻസ് ഹൗസ്' എന്ന ബാങ്കിൽ ഫിനാൻസ് കണ്ട്രോൾ ഡിപ്പാർട്മെന്റിൽ അക്കൗണ്ടന്റായി ജോലിയിൽ പ്രവേശിച്ചു. ബിസിനസ്സിനോടുള്ള അതിയായ ആഗ്രഹം കാരണം ബാങ്കിലെ ജോലിയോടൊപ്പം, റിസ്റ്റ് വാച്ചിന്റെ ഹോൾസൈൽ ബിസിനസ്സ് ആരംഭിക്കുകയും, MAXIMA വാച്ചിന്റെ കുവൈറ്റിലെ ഡിസ്ട്രിബ്യുട്ടർഷിപ്പ് ഏറ്റെടുക്കുകയും ചെയ്തു. നല്ല രീതിയിൽ ബിസിനസ്സ് വളർന്നപ്പോൾ, സ്വന്തമായൊരു ബ്രാൻഡ് തുടങ്ങണമെന്ന ആഗ്രഹം നിറവേറ്റാൻ തത്രപ്പാട് തുടങ്ങി. അങ്ങനെ "ലീഫോർട്ട്" എന്ന ബ്രാൻഡ് പിറവി കൊണ്ടു. എക്സ്-മിലിട്ടറിക്കാരനായിരുന്ന അച്ഛന്റെ കർക്കശ സ്വഭാവവും, അടുക്കും ചിട്ടയും, ബ്രാൻഡ് വിജയത്തിനൊരു മുതൽക്കൂട്ടായി. 2011ൽ ഉദയം കൊണ്ട ലീഫോർട്ട് ബ്രാൻഡിൽ ആദ്യമായി റിസ്റ്റ് വാച്ചുകൾ വിപണിയിൽ ഇറക്കി. മികച്ച ഗുണമേന്മ, ന്യായ വില, മികച്ച സേവനം എന്നിവകൊണ്ട് ചുരുങ്ങിയ കാലയളവിൽ കുവൈറ്റ് വിപണിയിലെ മറ്റു റിസ്റ്റ് വാച്ച് ബ്രാൻഡുകളോട് കിടപിടിച്ച് -'ലീഫോർട്ട്' സ്വന്തമായൊരു സാമ്രാജ്യം കെട്ടിപ്പൊക്കി. ചുരുങ്ങിയ കാലയളവിൽ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ലീഫോർട്ട് ബ്രാൻഡിലെ റിസ്റ്റ് വാച്ചുകൾ അധികം വൈകാതെ ഒമാൻ, ഖത്തർ എന്നീ ആഗോള വിപണികൾ കീഴടക്കി. കുവൈറ്റിൽ നിന്നുകൊണ്ട് തന്നെ ഖത്തർ, ഒമാൻ എന്നിവിടങ്ങളിലേക്ക്‌ ബിസിനെസ്സ് വ്യാപിപ്പിക്കുകയും ലീഫോർട്ട് ബ്രാണ്ടിൽ 7 ഷോറൂമുകൾ ആരംഭിക്കുകയും ചെയ്തു. ഏറെ വൈകാതെ, ലീഫോർട്ട് ബ്രാൻഡിൽ വസ്ത്രവ്യാപാര രംഗത്തും തന്റെ സാന്നിധ്യം അറിയിച്ചു. ന്യായവിലയിൽ, മാറിവരുന്ന ട്രെൻഡുകൾക്കും, ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് ജെന്റ്സ്, ലേഡീസ്, കിഡ്സ് ക്യാറ്റഗറികളിൽ മികച്ച ഗുണമേന്മയുള്ള ഡ്രസ്സ് മെറ്റീരിയൽസ് വിപണിയിൽ ഇറക്കി തുടങ്ങി.

പ്രവാസ ജീവിതത്തിന് വിട:

നാടിനോടുള്ള പെരുത്തിഷ്ടം, ബിസിനസ്സിലെ വിജയം, പ്രവാസ ജീവിതത്തിനോടുള്ള വിരക്തി ഇവയെല്ലാം കാരണം നാട്ടിൽ സെറ്റിലാകാം എന്ന് തീരുമാനിക്കുകയും, 2015ൽ ബാങ്ക് ജോലി റിസൈൻ ചെയ്തു കേരളത്തിലേക്ക് കുടുംബസമേതം മടങ്ങി. നാട്ടിലെത്തിയ ഉടനെ, തമിഴ്നാട്ടിലെ തിരുപ്പൂരിൽ ലീഫോർട്ടിന്റെ പ്രൊഡക്ഷൻ യൂണിറ്റ് ആരംഭിക്കുകയും, കേരളമൊട്ടാകെ ലീഫോർട്ടിന്റെ ഗാർമെന്റ്സ് സപ്ലൈ ചെയ്യാനും തുടങ്ങി. കുട്ടികളുടെ ഷർട്ടുകൾ, ടീ-ഷർട്ടുകൾ, ഷോർട്സ്‌, പാന്റ്സ് മുതലായവ ഇറക്കി മറ്റു ബ്രാൻഡുകളോട് കിടപിടിക്കുന്ന കച്ചവടം നടത്തി വിജയശ്രീലാളിതനായി വരുന്നു. ഇന്ന് കേരളത്തിനകത്തും പുറത്തും, ചെറുതും വലുതുമായ, എല്ലാ ഷോറൂമുകളിലും ലീഫോർട്ട് ബ്രാൻഡ് ലഭ്യമാണ്.

ബേബി ലീഫോർട്ട് - ഒരു പുതുപ്പിറവി:

ഏറെപേരെയും സംബന്ധിച്ച് 2020 മോശം വർഷമാണ്. കൊറോണയുടെ സംഹാര താണ്ഡവം നമ്മളെ അത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്. ഒട്ടേറെ മരണങ്ങൾ, ബിസിനസ്സിലെ തോൽവികൾ, അടച്ചു പൂട്ടലുകൾ, എല്ലാവിധത്തിലും നഷ്ടങ്ങളും നാശങ്ങളും, ആശങ്കകളും മാത്രം. എന്നാൽ ഈ മോശം സമയത്തും, വിപണിയിൽ മികച്ച ബിസിനസ്സ് കാഴ്ചവച്ച് മുന്നേറുന്ന ലീഫോർട്ടിന്റെ കിരീടത്തിലിതാ ഒരു പൊൻതൂവൽ - "ബേബി ലീഫോർട്ട്". ബേബി ഡ്രസ്സ് സെഗ്മന്റിൽ ഉന്നത ഗുണനിലവാരമുള്ള ഉത്പന്നങ്ങൾക്കായി വസ്ത്രരംഗത്തെ വിദഗ്ധരെ വച്ച്, വളാഞ്ചേരിയുടെ ഹൃദയ ഭാഗത്ത് കോഴിക്കോട് റോഡിൽ "ബേബി ലീഫോർട്ട്"നായി ഒരു ഫാക്ടറി ആരംഭിക്കുകയും ചെയ്തു. മലയാളികളും, അന്യദേശ തൊഴിലാളികളും അടങ്ങിയ ഒരു നല്ല ടീം ആണ് ഫിറോസ് ലീഫോർട്ടിന്റെ വിജയത്തിന് കാരണം. പൊതുവെ നമ്മൾ മലയാളികൾ “PRICE CONSCIOUS” ആണ്; എന്നാൽ മാറിവരുന്ന ട്രെൻഡുകളിൽ നിന്നും മനസ്സിലാകുന്നത് മികച്ച ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാണെങ്കിൽ അവർ വിലയുടെ കാര്യത്തിൽ വല്യ കടുംപിടിത്തം നടത്തുന്നില്ല, പ്രത്യേകിച്ചും, കുഞ്ഞുവാവകളുടേം, കൊച്ചു കുട്ടികളുടേം വസ്ത്രോത്പന്നങ്ങളുടെ കാര്യത്തിൽ. ഇത് മനസ്സിലാക്കി, മാർക്കറ്റ് ട്രെൻഡും, കസ്റ്റമർ പ്രൊഫൈലിങ്ങും, സെഗ്മെന്റേഷനും ചെയ്തു ഉപഭോക്താക്കളുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചു ഉയർന്ന-മധ്യ നിലവാരത്തിൽ ഉത്പന്നങ്ങൾ ലീഫോർട്ട് ഇറക്കിട്ടുണ്ട്.

വിടരുന്ന വജ്രചിറകുകൾ:

"ബേബി ലീഫോർട്ടി" ന്റെ ഇപ്പോഴത്തെ നയതന്ത്രപ്രവർത്തനത്തിന്റെ ഭാഗമായി ഏറ്റവും മികച്ച ഗുണനിവാരമുള്ള 'ബേബി ഡേയ്പേഴ്‌സ്'ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അണിയറയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
വാൽകഷ്ണം: • ഏതൊരു സംരംഭം വിജയിക്കുന്നതിനും വേണ്ടത് അതിനോടുള്ള അതിയായ ആഗ്രഹവും, കുടുംബത്തിൽ നിന്നുമുള്ള പിന്തുണയും, ഏതു പ്രതിസന്ധിയെയും പോസിറ്റീവായി നേരിടാനുള്ള ചങ്കൊറപ്പും, ഈശ്വരാധീനവുമാണ്. • വിപണിയിലെ എല്ലാവിധ സാഹചര്യങ്ങളെ കുറിച്ചുള്ള പൊതുവായ അറിവും, ഭാവിയെക്കുറിച്ചുള്ള ചില ശാസ്ത്രീയ നിഗമനങ്ങളും, ഉപഭോക്താക്കളുടെ മാറിവരുന്ന അഭിരുചികളെയും കുറിച്ചുള്ള പഠനമാണ് സംരംഭത്തിന്റെ ജീവിത കാലയളവ് നിശ്ചയിക്കുന്നത്.


Global ×
Currency
Language
  • flag